റായ്ഗജിലുണ്ടായ ഉള്‍പൊട്ടലില്‍ ഇന്ന് 5 പേരുടെ മൃതദേഹം കൂടി കിട്ടി

  • 21/07/2023

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗജിലുണ്ടായ ഉള്‍പൊട്ടലില്‍ ഇന്ന് 5 പേരുടെ മൃതദേഹം കൂടി കിട്ടി. ഇതോടെ മരണസംഖ്യ 21 ആയി. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. കാണാതായ 100 ലേറെ പേര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുകയാണ്. 16 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. വലിയ യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെ അതീവ ദുഷ്കരമായ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്


നാല് കിലോമീറ്റര്‍ നടന്ന് വേണം ദുരന്തഭൂമിയായ ഇ‌‍ര്‍ഷാല്‍വാഡി ഗ്രാമത്തിലെത്താൻ. അതില്‍ 2 കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ദുരന്തഭൂമിയിലേക്ക് യാത്രപോലും അതീവ സാഹസികം. യന്ത്രങ്ങളൊന്നുമില്ലാതെ കൈക്കോട്ടും മറ്റുമായാണ് മണ്ണുമാറ്റുന്നത്. പത്ത് അടിയിലേറെ ഉയരത്തില്‍ മണ്ണും കല്ലും വന്ന് മൂടിയ സ്ഥലത്താണ് ഈ വിധം രക്ഷാ ദൗത്യം. ഹെലികോപ്റ്ററുകളുടെ സഹായം തേടിയെങ്കിലും അതിശക്തമായ മഴയും കാറ്റുമടക്കം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആ സാധ്യതയും ഇല്ലാതായി.

ദുരന്തഭൂമിയിലെ കാഴ്ചകള്‍ അതിഭയാനകമാണ്. മലമുകളിലുണ്ടായിരുന്ന ആദിവാസി ഗ്രാമമാകെ ഇല്ലാതായി. അ‍ര്‍ധരാത്രിയോട് അടുത്ത് നടന്ന ദുരന്തമായതിനാല്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മുകളിലേക്കാണ് മണ്ണ് വന്ന് മൂടിയത്. നാല്‍പതിലേറെ വീടുകള്‍ മണ്ണിനടിയിലായി. ഇതുവരെ കിട്ടിയ മൃതദേഹങ്ങളെല്ലാം പോസ്റ്റ്മോട്ടര്‍മടക്കം നടപടിക്രമങ്ങള്‍ ഒഴിവാക്കി സമീപത്ത് തന്നെ സംസ്കരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. ഇന്നും റായ്ഗഡില്‍ റെഡ് അലര്‍ട്ടാണ്.

Related News