പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണം; സീമാ ഹൈദര്‍ രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കി

  • 23/07/2023

ദില്ലി: പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ദയാ ഹര്‍ജി നല്‍കി. സുപ്രീം കോടതി അഭിഭാഷകൻ എ പി സിംഗ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി സെക്രട്ടേറിയറ്റില്‍ സ്വീകരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹര്‍ജിയില്‍ സീമാ ഹൈദര്‍ പറയുന്നു.


നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തില്‍ വച്ച്‌ താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു. രാഷ്ട്രപതി കരുണ കാണിച്ചാല്‍ ഭര്‍ത്താവിനും നാലുകുട്ടികള്‍ക്കുമൊപ്പം ഇന്ത്യയില്‍ അന്തസ്സോടെ ജീവിക്കാമെന്നും സീമാ ഹൈദര്‍ ഹര്‍ജിയില്‍ പറഞ്ഞു. അതിനിടെ, സീമ ഹൈദര്‍ അസുഖ ബാധിതയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് കാമുകനെ തേടി സീമാ ഹൈദര്‍ ഇന്ത്യയിലെത്തിയത്. 2019ല്‍ ഓണ്‍ലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാള്‍ വഴി ബസില്‍ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു. പിന്നീട് സച്ചിനൊപ്പം ഗ്രേറ്റര്‍ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിന്‍ മീണയെയും കസ്റ്റഡിയിലെടുത്തു. ജൂലൈ 7 ന് പ്രാദേശിക കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. ഇപ്പോള്‍ റാബുപുരയിലെ വീട്ടില്‍ നാല് കുട്ടികളോടൊപ്പം ഇരുവരും ഒരുമിച്ച്‌ താമസിക്കുകയാണ്.

ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങാൻ താല്‍പ്പര്യമില്ലെന്നും മീണയ്‌ക്കൊപ്പം ഇന്ത്യയില്‍ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. താൻ ഹിന്ദുമതം സ്വീകരിച്ചെന്നും അവര്‍ അവകാശപ്പെട്ടു. സീമാ ഹൈദര്‍ പാകിസ്ഥാന്‍ വിട്ടതിന് കാരണം പ്രണയം മാത്രമാണെന്ന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികള്‍ രാജ്യത്തെ സര്‍ക്കാരിനെ അറിയിച്ചതായി പാകിസ്ഥാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related News