ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ കർശനമാക്കും; സേനാംഗങ്ങളെ വിന്യസിക്കാൻ തീരുമാനം

  • 23/07/2023

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ കൂടുതൽ കർശനമാക്കും. ഇംഫാൽ വിമാനത്താവളത്തിൽ സേനാംഗങ്ങളെ വിന്യസിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലവിലുള്ള സാഹചര്യത്തിൽ വിമാനത്താവളത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മിസോറാമിലെ മെയ്‌തെയ് വിഭാഗക്കാരെ വിമാനമാർഗം മണിപ്പൂരിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സുരക്ഷ മുൻനിർത്തി മിസോറാം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മണിപ്പൂർ സർക്കാർ നടപടി കൈക്കൊള്ളുന്നത്.

രംഗം വഷളാവുന്നതോടെ, പലരും ഇതിനോടകം തന്നെ മിസോറാമിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. മിസോറാമിലെ ഐസോളിൽ നിന്നും എടിആർ വിമാനങ്ങളിൽ ഇംഫാലിലേക്കും സിൽച്ചറിലേക്കുമായിരിക്കും ഇവരെ കൊണ്ടുവരുകയെന്നാണ് വിവരം. അതേ സമയം മെയ്‌തെയ്കൾക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. മെയ്‌തെയ്കൾ കൂടുതലുള്ള വെറ്റി കോളേജ്, മിസോറാം യൂണിവേഴ്‌സിറ്റി, റിപാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സുരക്ഷ ശക്തമാക്കി.

Related News