മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  • 24/07/2023

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം എന്താണെന്ന് രാജ്യം അറിയണം, എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത്.


അതിനിടെ, മുതിര്‍ന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച്‌ ലംഘിച്ചതിനാണ് നടപടി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പ്രതികരിക്കണമെന്നായിരുന്നു സഞ്ജയ് സിങ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം തള്ളുകയും ചോദ്യോത്തരവേള ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് രാജ്യസഭയുടെ നടത്തളത്തിലെത്തി സഞ്ജയ് സിങ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചു. നടുത്തളത്തിലെത്തി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ച്‌ പീയുഷ് ഗോയല്‍ സഞ്ജയ് സിങ്ങിനെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

ചെയര്‍മാന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച്‌ ലംഘിച്ചതിനാല്‍ സഞ്ജയ് സിങ്ങിനെ ഈ സെഷന്റെ മുഴുവൻ സമയത്തേക്കും സസ്പെൻഡ് ചെയ്തുവെന്നതാണ് പ്രമേയമെന്ന് ചെയര്‍മാൻ പറഞ്ഞു. കൈകള്‍ ഉയര്‍ത്തി ശബ്ദവോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.

Related News