പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' നാളെ യോഗം ചേരും

  • 24/07/2023

ദില്ലി: 2024ലെ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റില്‍ മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ച ചെയ്യും.


കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഒന്ന് ചേര്‍ന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

26 പാര്‍ട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച്‌ ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ദിവസങ്ങള്‍ക്കു മുമ്ബ് നടന്ന യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ പറഞ്ഞു.

Related News