മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും

  • 25/07/2023

ദില്ലി: മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച്‌ ചര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ഇന്ത്യ സഖ്യത്തിന്‍റെ ആവശ്യം. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യ സഖ്യം അംഗീകരിച്ചിട്ടില്ല.


അതേസമയം ഇന്ന് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പങ്കെടുന്ന യോഗത്തില്‍ പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യ സഖ്യ പ്രതിനിധികളുടെ യോഗവും ഇന്ന് നടക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുടെ മുറിയിലാണ് ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കള്‍ യോഗം ചേരുക.

സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ വിവേചനമെന്ന് ബിജെപി. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്ഥാനിലെയും മാള്‍ഡയിലെയും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാര്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവര്‍ദ്ധൻ സിംഗ് റാത്തോ‍ഡ് എംപി പറഞ്ഞു. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 11 കോടി ശുചിമുറികളുണ്ടാക്കി. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തി. പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് സര്‍ക്കാറിന്‍റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News