മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തില്ലെന്ന വാശി; ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം

  • 25/07/2023

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തില്ലെന്ന വാശിയില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നതാണ് ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബിജെപി നേതാക്കള്‍ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചര്‍ച്ചയ്ക്ക് നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.


രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യത്തിൻറെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടന്ന ശേഷം ഇക്കാര്യം തീരുമാനിക്കും. ബിജെപി പാര്‍ലമെൻററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് നല്‍കിയതു കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്ബനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലര്‍ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു.

ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തതിനെതിരെ പാര്‍ലമെൻറ് വളപ്പിലെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാത്രിയിലും പ്രതിപക്ഷ അംഗങ്ങള്‍ ധര്‍ണ്ണ തുടര്‍ന്നിരുന്നു. മണിപ്പൂരിലെ കാഴ്ചകള്‍ തിരിച്ചടിയായിരിക്കുമ്ബോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം.

Related News