ഉറക്കികിടത്തിയ കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; മേൽക്കൂരയിൽ നിന്ന് വീണ് കുഞ്ഞിന് ദാരുണാന്ത്യം

  • 26/07/2023

ബറേലി: കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയ ഒരുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വീടിന്‍റെ ടെറസില്‍ ഉറക്കികിടത്തിയ ആണ്‍ കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയത്. ഓടുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ നിന്ന് വീണാണ് കുഞ്ഞ് മരിച്ചത്.ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.


മുഹമ്മദ് ഹസന്‍റെയും അസ്മയുടെയും ഇരക്കുട്ടികളിലൊരാളാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗതരാപട്ടിയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് അസ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

'വൈകുന്നേരം കുട്ടികള്‍ക്ക് പാലുകൊടുത്ത് ടൈറസില്‍ ഉറക്കാൻ കിടത്തിയതായിരുന്നു. മറ്റ് ജോലികള്‍ ചെയ്യുമ്ബോഴാണ് മകൻ റിഹാന്റെ നിലവിളി കേള്‍ക്കുന്നതെന്ന് അസ്മ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തുമ്ബോള്‍ കാട്ടുപൂച്ച കുട്ടിയെ കടിച്ചെടുത്ത് ഓടുന്നതാണ് കണ്ടത്. ഞാൻ പിന്നാലെ ഓടിയപ്പോള്‍ പൂച്ച മേല്‍ക്കൂരയില്‍ നിന്ന് ചാടി. ഈ സമയം മകൻ നടുമുറ്റത്തേക്കാണ് വീണത്. വേദനകൊണ്ട് പുളയുകയായിരുന്നു അവനെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി..പക്ഷേ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞിരുന്നു..' മാതാവ് പറയുന്നു. കഴിഞ്ഞ 15 ദിവസമായി കാട്ടുപൂച്ച വീടിന് ചുറ്റും കറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ ഇങ്ങനയൊരു അക്രമം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതെങ്കിലും വന്യമൃഗത്തെ താമസസ്ഥലത്ത് കണ്ടാല്‍ വനം വകുപ്പിനെ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, പടിഞ്ഞാറൻ യുപിയില്‍ ഈ മാസം ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 17ന് ആഗ്ര ജില്ലയിലെ പിണ്ഡൗര പൊലീസ് പരിധിയിലെ ബര്‍വാര്‍ ഗ്രാമത്തില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടുപൂച്ച കൊന്നിരുന്നു.

Related News