ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നല്‍കാനാകില്ലെന്ന് നിലപാട് അറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍

  • 26/07/2023

ദില്ലി: ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നല്‍കാനാകില്ലെന്ന് നിലപാട് അറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നല്‍കാനാകില്ലെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എന്നാല്‍ സംവരണ ആനൂകൂല്യമായുള്ള വിഭാഗത്തില്‍ പെട്ടവര്‍ക്ക് അനൂകൂല്യം ലഭിക്കും. 2014 ല്‍ ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആഗസ്ത് 18നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.


അതേ സമയം, ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച്‌ രാജസ്ഥാന്‍. ജയ്‍പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാനത്തെ ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്‍ട്രാറുമായ ബന്‍വര്‍ലാല്‍ ബൈര്‍വ കഴിഞ്ഞ ദിവസം അറിയിച്ചു.

ട്രാന്‍സ് വ്യക്തിയായ നൂര്‍ ശെഖാവത്തിലാണ് ബുധനാഴ്ച ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇനി മുതല്‍ കോര്‍പറേഷന്റെ പോര്‍ട്ടലിലെ ജനന റെക്കോര്‍ഡുകളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കൊപ്പം ട്രാന്‍സ്‍ജെന്‍ഡറുകളും ഉള്‍പ്പെടുമെന്ന് ചീഫ് രജിസ്‍ട്രാര്‍ അറിയിച്ചു. ട്രാന്‍സ് വ്യക്തികളെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Related News