സീരിയൽ സെറ്റിൽ അപ്രതീക്ഷിതമായി പുലി; ഭയന്ന് താരങ്ങൾ

  • 27/07/2023

മുംബൈ: മുംബൈയില്‍ സീരിയല്‍ സെറ്റില്‍ പുലിയിറങ്ങിയ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സീരിയല്‍ രംഗത്തെ സംഘടനകള്‍ രംഗത്ത്. ഗൊരേഗാവ് ഫിലിംസിറ്റിയിലെ മറാത്തി സീരിയലിന്‍റെ സെറ്റിലാണ് ഇന്നലെ പുലി ഇറങ്ങിയത്. ആളുകള്‍ പരിഭ്രാന്തരായെങ്കിലും പുലി ആരെയും ആക്രമിച്ചില്ല.


ഇന്നലെ വൈകീട്ട് സുഖ് മജേ നക്കീ കൈ ആസ്താ എന്ന മറാത്തി സീരിയല്‍ സെറ്റിലേക്കാണ് അപ്രതീക്ഷിതമായി പുലിയെത്തിയത്. പുലിയെ കണ്ട് സെറ്റിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. പലരും പുലിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലുമായിരുന്നു. എന്നാല്‍ ആളപായമൊന്നും ഉണ്ടായില്ല. പക്ഷെ ആശങ്ക ഒഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് ഗൊരേഗാവ് ഫിലിം സിറ്റി. ഇതാദ്യമായല്ല പുലി ഫിലിം സിറ്റിയിലെത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 18 നും ഇവിടെ പുലി ഇറങ്ങിയിരുന്നു.

അന്ന് മനുഷ്യരെ ആക്രമിച്ചില്ലെങ്കിലും ഫിലിം സിറ്റിയില്‍ അലഞ്ഞ് നടന്ന ഒരു നായയെ കൊന്നു. അതായത് കാടിറങ്ങി പുലിയെത്തുന്നത് ആവര്‍ത്തിക്കുന്ന സംഭവമാണെന്നാണ് വ്യക്തമാകുന്നത്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ആരെ കോളനിയില്‍ പുലി മനുഷ്യരെ ആക്രമിച്ച്‌ കൊന്നിട്ടുണ്ട്. സാഹചര്യം ഏറെ ഗൗരവമാണെന്നും വനം വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് സീരിയല്‍ രംഗത്തെ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.

Related News