ഇ ഡി മേധാവിയുടെ കാലാവധി ഒന്നര മാസം കൂടി നീട്ടി; ഇതിൽ കൂടുതൽ പറ്റില്ലെന്ന് സുപ്രീംകോടതി

  • 27/07/2023

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സുപ്രീംകോടതി സെപ്റ്റംബര്‍ 15വരെ നീട്ടി ഇതിന് ശേഷം കാലാവധി നീട്ടാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒക്‌ടോബര്‍ 15 വരെ നീട്ടണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.


ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കാലവധി നീട്ടിയത്. 'പൊതു താത്പര്യവും രാജ്യ താത്പര്യവും മുന്‍നിര്‍ത്തിയാണ് മിശ്രയുടെ കാലാവധി നീട്ടുന്നതെന്നും സെപ്റ്റംബര്‍ 15 അര്‍ധരാത്രിമുതല്‍ മിശ്രയ്ക്ക് ഇഡി മേധാവിയായി തുടരാന്‍ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് വരാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മറ്റാര്‍ക്കും യോഗ്യതയില്ല എന്നാണോ സര്‍ക്കാര്‍ നിലപാടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പിയര്‍ റിവ്യുകള്‍ക്ക് നിലവിലെ മേധാവിയുടെ സാന്നിധ്യം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

Related News