ലോകത്തെ കടുവകളുടെ എണ്ണത്തിൽ 75%വും ഇന്ത്യയിൽ; കണക്ക് പുറത്ത്

  • 29/07/2023

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ൽ 2,967ആയിരുന്നു. ഇത് 2022ൽ 3,682 ആയി വർധിച്ചു. ആറ് ശതമാനമാണ് വർധന. അന്താരാഷ്ട്ര കടുവാ ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ കണക്കുകൾ അനുസരിച്ച് ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. പ്രൊജക്ട് ടൈഗർ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ നാല് വർഷവും കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്. നിലവിൽ 3682 കടുവകൾ രാജ്യത്തുണ്ടെന്നാണ് നാഷണൽ ടൈഗർ കൺസർവേഷൻ ചൂണ്ടിക്കാട്ടുന്നത്.

നാല് വർഷത്തിനിടെ 50 ശതമാനമാണ് കടുവകളുടെ എണ്ണത്തിൽ വർധനവുണ്ടായത്. രാജ്യത്ത് മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകളുള്ളത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഇതൊരു സ്ഥിതിവിവരക്കണക്കല്ലെന്നും കടുവകളുടെ സംരക്ഷണയിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണെന്നും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പ്രതികരിച്ചു.



Related News