രാജ്യത്ത് 13.13 ലക്ഷത്തലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

  • 30/07/2023

ന്യൂഡല്‍ഹി: രാജ്യത്ത് 2019നും 21നും ഇടയില്‍ 13.13 ലക്ഷത്തലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മധ്യപ്രദേശില്‍ നിന്നാണ്. രണ്ടാമത് പശ്ചിമബംഗാളാണ്.


കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ടിന് വയസിന് മുകളിലുള്ള 10,61,648 സ്ത്രീകളേയും 2,51, 430 പെണ്‍കുട്ടികളേയുമാണ് കാണാതായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍.

മധ്യപ്രദേശില്‍ 1,60,180 സ്ത്രീകളെയും 38,234 പെണ്‍കുട്ടികളെയുമാണ് കാണാതായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ പശ്ചിമ ബംഗാളില്‍ നിന്ന് 1,56,905 സ്ത്രീകളെയും 36,606 പെണ്‍കുട്ടികളെയും കാണാതായി. മഹാരാഷ്ട്രയില്‍ 1,78,400 സ്ത്രീകളെയും 13,033 പെണ്‍കുട്ടികളെയും കാണാതായി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും കാണാതായത് ഡല്‍ഹിയിലാണ്. രാജ്യ തലസ്ഥാനത്ത് 2019-നും 2021-നും ഇടയില്‍ 61,054 സ്ത്രീകളെയും 22,919 പെണ്‍കുട്ടികളെയും കാണാതായപ്പോള്‍ ജമ്മു കശ്മീരില്‍ 8,617 സ്ത്രീകളെയും 1,148 പെണ്‍കുട്ടികളെയുമാണ് കാണാതായത്.

രാജ്യത്തുടനീളം സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലൈംഗിക കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി 2013 ലെ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതായും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

Related News