ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അടിയന്തര പ്രമേയ നോട്ടീസിനെ ചൊല്ലി 'ഇന്ത്യ'യില്‍ ഭിന്നത

  • 31/07/2023

ന്യൂഡല്‍ഹി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസിനെ ചൊല്ലി പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യില്‍ ഭിന്നത. ആലുവ കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ആണ് നോട്ടീസ് നല്‍കിയത്. ഇതില്‍ ഇടത് എംപിമാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് 'ഇന്ത്യ'യിലെ ഭിന്നത പുറത്തുവന്നത്.


മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നീക്കത്തിന് ഇത് തടസ്സമാകുമെന്ന് ഇടത് എംപിമാര്‍ അറിയിച്ചു. മറ്റുനടപടികള്‍ മാറ്റിവെച്ച്‌ ആലുവ കൊലപാതകം ചര്‍ച്ച ചെയ്യേണ്ടതില്ല. ബെന്നി ബഹനാന്റെ നീക്കം പ്രതിപക്ഷ ധാരണയ്ക്ക് വിരുദ്ധമെന്നും ഇടതുപക്ഷം ആരോപിച്ചു. എന്നാല്‍ നോട്ടീസ് നല്‍കിയ ബെന്നി ബഹനാന്റെ പ്രവൃത്തി വ്യക്തിപരമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി നല്‍കിയ ശേഷം മാത്രം മതി ചര്‍ച്ചയെന്ന പ്രതിപക്ഷ നിലപാടില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ഭരണപക്ഷം വിമര്‍ശിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ തടസ്സപ്പെടുത്തിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related News