കുവൈത്ത് സിറ്റി: കുവൈത്തിലെ ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുടെ (ബാച്ചിലർമാർ) സാന്നിധ്യം തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികളുമായി കുവൈത്ത് മുൻസിപ്പാലിറ്റി. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച്, ഇത്തരം നിയമലംഘനങ്ങൾ മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഇല്ലാതാക്കാനാണ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റ് മേഖലകളിലെ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിസാർ അൽ അവ്വാദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക സമിതി യോഗത്തിലാണ് ഈ തീരുമാനം. വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശി പാർപ്പിട മേഖലകളിലെ ബാച്ചിലർമാരുടെ താമസം കുവൈത്തി സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നത് ഫലപ്രദമായി തടയുന്നതിനും, ഇത് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ ഒരു പ്രവർത്തന രൂപരേഖ യോഗത്തിൽ ചർച്ച ചെയ്തു. ഇത്തരം മേഖലകളിൽ കുടുംബങ്ങളല്ലാതെ മറ്റുള്ളവർ താമസിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ ഉടനടി തുടർനടപടികൾ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളെക്കൂടി ഉൾപ്പെടുത്തി സംയുക്ത വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ പ്രവർത്തന പുരോഗതിയും നേട്ടങ്ങളും വിലയിരുത്തി കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും നിസാർ അൽ അവ്വാദ് കൂട്ടിച്ചേർത്തു.

