കുവൈത്ത്സിറ്റി: അടുത്ത ദിവസങ്ങളിൽ രാജ്യത്ത് താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ്. ഉയർന്ന ചൂടിനെ തുടർന്ന് പൗരന്മാരും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.വാഹനങ്ങളിൽ ചൂട് മൂലം അപകടസാധ്യതയുള്ള വസ്തുക്കൾ, സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ , ബാറ്ററികൾ, പാനീയങ്ങൾ എന്നിവ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ വിൻഡോകൾ എളുപ്പത്തിൽ തുറക്കാവുന്ന രീതിയിൽ വെക്കണമെന്നും നിർദേശിച്ചു.
ഇന്ധന ടാങ്കുകൾ പൂർണമായി നിറയ്ക്കുന്നത് ഒഴിവാക്കുക, സാധ്യമെങ്കിൽ വൈകുന്നേരങ്ങളിൽ മാത്രം വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യുക, അനാവശ്യ യാത്രകൾ കുറയ്ക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ദീർഘദൂര യാത്രകളിൽ വാഹന ടയറുകളിൽ അമിതഭാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അമിത ചൂട് കാരണം തേൾ, പാമ്പ് തുടങ്ങിയ ജീവികൾ തങ്ങളുടെ ആവാസ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് വരാനും തണുത്ത സ്ഥലങ്ങൾ തേടി വീടുകളിലേക്കും ഫാമുകളിലേക്കും പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
ജനങ്ങൾ ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കണമെന്നും, ഗ്യാസ് സിലിണ്ടറുകൾ നേരിട്ട് സൂര്യപ്രകാശത്തിൽ വെക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.വൈദ്യുതി മീറ്ററുകളിൽ അമിതഭാരം ഉണ്ടാകാതിരിക്കാനും ഉച്ചക്കാലത്തെ അതിശക്തമായ ചൂടുള്ള സമയങ്ങളിൽ കുടുംബാംഗങ്ങൾ ഉപയോഗിക്കുന്ന മുറികളിൽ മാത്രം എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാനും നിർദേശം നൽകി.പ്രത്യേകിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.



