കൊച്ചി: തിരുവാങ്കുളത്തെ പതിനാറുകാരിയുടെ ആത്മഹത്യയിൽ കാരണം കണ്ടെത്താനാകാതെ പൊലീസ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച കൊറിയൻ സുഹൃത്തിനെപ്പറ്റി പൊലീസിന് ഒരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്. ഏറെ പരിശ്രമത്തിനൊടുവിൽ പതിനാറുകാരിയുടെ ഫോൺ പൊലീസ് തുറന്നുപരിശോധിച്ചിരുന്നു. എന്നാൽ ഫോണിലെ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതാണ് പൊലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്.
ജനുവരി 27നാണ് 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്.വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.



