കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് പാർപ്പിട മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ഗ്രോസറി സ്ഥാപനങ്ങൾക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ വൻ റെയ്ഡ് നടത്തി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ നീക്കത്തിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലായിരുന്നു പരിശോധന. മതിയായ ലൈസൻസുകളില്ലാതെ സ്വകാര്യ വസതികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പരിശോധനയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 14 തൊഴിലാളികളെയും അനധികൃതമായി സർവീസ് നടത്തിയിരുന്ന നിരവധി ഡെലിവറി ജീവനക്കാരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലൈസൻസ് പ്ലേറ്റുകളില്ലാത്ത ഏഴ് ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതായും കാലാവധി കഴിഞ്ഞതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവും മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്തവയായിരുന്നു.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനുമായി (PAFN) സഹകരിച്ച് നടത്തിയ പരിശോധനയിൽ 33 നിയമലംഘന റിപ്പോർട്ടുകളാണ് അധികൃതർ തയ്യാറാക്കിയത്. ഹെൽത്ത് പെർമിറ്റില്ലാതെ പ്രവർത്തിക്കുക, ലേബലുകൾ ഇല്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുക, ആരോഗ്യ കാർഡില്ലാത്ത തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


