കുവൈറ്റ് സിറ്റി: ചില പ്രത്യേക മേഖലകളിലെ പ്രവാസി തൊഴിലാളികൾക്ക് മറ്റ് തൊഴിലുകളിലേക്ക് മാറാൻ അനുമതി നൽകിക്കൊണ്ടുള്ള കുവൈറ്റ് സർക്കാരിന്റെ ഉത്തരവ് വലിയ വിജയത്തിലേക്ക്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച 2026-ലെ രണ്ടാം നമ്പർ ഉത്തരവ് പ്രാബല്യത്തിൽ വന്ന് മൂന്നാഴ്ച പിന്നിടുമ്പോൾ, 11,654 പ്രവാസി തൊഴിലാളികൾ ഇതിനകം ഈ ഇളവ് പ്രയോജനപ്പെടുത്തിയതായി മാൻപവർ അതോറിറ്റിയിലെ ഉത്തരവാദപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. മുൻപ് തൊഴിൽ വിസ മാറ്റത്തിന് കർശന നിയന്ത്രണങ്ങളുണ്ടായിരുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലി വളർത്തൽ (ഗ്രേസിങ്), മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികൾക്കാണ് നിശ്ചിത വ്യവസ്ഥകളോടെ താൽക്കാലികമായി വിസ മാറ്റത്തിന് അനുമതി നൽകിയിരിക്കുന്നത്.
മേയ് മാസം ആദ്യം നിയമം നിലവിൽ വന്നതു മുതൽ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) മേഖലയിൽ നിന്നാണ്; 7,016 തൊഴിലാളികളാണ് ഈ വിഭാഗത്തിൽ നിന്ന് വിസ മാറ്റത്തിന് അപേക്ഷിച്ചത്. തൊട്ടുപിന്നാലെയുള്ള കാർഷിക മേഖലയിൽ നിന്ന് 2,160 അപേക്ഷകളും വ്യവസായ മേഖലയിൽ നിന്ന് 1,293 അപേക്ഷകളും ലഭിച്ചു. ക
ന്നുകാലി വളർത്തൽ മേഖലയിൽ നിന്ന് 1,057 പേരും മത്സ്യബന്ധന മേഖലയിൽ നിന്ന് 128 പേരും വിസ മാറ്റത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്നതും അവയുടെ കൃത്യത പരിശോധിക്കുന്നതുമായ നടപടിക്രമങ്ങൾ വരുന്ന ജൂൺ അവസാനം വരെ തുടരുമെന്നതിനാൽ വരും ദിവസങ്ങളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന പ്രവാസികളുടെ എണ്ണം ഇനിയും ഗണ്യമായി വർദ്ധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

