കുവൈറ്റ് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി കടുത്ത വേനൽക്കാലത്തും പ്രതികൂല കാലാവസ്ഥയിലും തുറസ്സായ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുമായി കുവൈറ്റ് സർക്കാർ. ഇതുസംബന്ധിച്ച പുതിയ മാനുഷിക സുരക്ഷാ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന 2026-ലെ മൂന്നാം നമ്പർ മന്ത്രാലയ ഉത്തരവ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’യുടെ പുതിയ ലക്കത്തിൽ ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഉത്തരവ് പ്രകാരം എല്ലാ വർഷവും ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ മാസങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാലാവസ്ഥയിലോ പരിസ്ഥിതിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഈ സമയക്രമത്തിലോ നിരോധന കാലാവധിയിലോ മാറ്റം വരുത്താൻ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.ഉച്ചവെയിലിന് പുറമെ തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന മറ്റ് ചില പ്രതികൂല സാഹചര്യങ്ങളിലും തുറസ്സായ സ്ഥലങ്ങളിലെ ജോലി വിലക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
പ്രകൃതിദുരന്തങ്ങൾ, അസാധാരണമായ ആകാശനില, തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വെള്ളപ്പൊക്കം, സുരക്ഷിത പരിധി ലംഘിക്കുന്ന ശക്തമായ മണൽക്കാറ്റ്, ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) വർദ്ധിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കനത്ത മഴ, താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകൽ, അസ്വാഭാവികമായ രീതിയിൽ ചൂട് കൂടൽ, പ്രത്യേക തൊഴിൽ നിർത്തലാക്കൽ ആവശ്യമുള്ള പകർച്ചവ്യാധികളുടെ വ്യാപനം എന്നിവയുണ്ടായാലും തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി തുറസ്സായ സ്ഥലങ്ങളിലെ ജോലികൾ നിർത്തിവെയ്ക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

