കുവൈത്ത്സിറ്റി: അവധിക്കാല യാത്രാ സീസൺ മുന്നിൽക്കണ്ട് ഇന്റർനെറ്റിലൂടെ വ്യാജ യാത്രാ വെബ്സൈറ്റുകളും ആകർഷകമായ ഓഫറുകളും ചമച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ. യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഔദ്യോഗികവും പൂർണ്ണമായും വിശ്വസനീയവുമായ പ്ലാറ്റ്ഫോമുകൾ വഴിമാത്രമേ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗുകൾ നടത്താവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട ബോധവൽക്കരണ പോസ്റ്റിലാണ് തട്ടിപ്പുകാരുടെ പുതിയ രീതികളെക്കുറിച്ച് സൈബർ സെക്യൂരിറ്റി സെന്റർ വ്യക്തമാക്കിയത്. അവധിക്കാലങ്ങളിൽ ആളുകൾക്കുണ്ടാകുന്ന യാത്രാ താല്പര്യങ്ങളെ ചൂഷണം ചെയ്ത്, വിപണി നിരക്കിലും വളരെ കുറഞ്ഞ തുകയ്ക്ക് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചാണ് ഇത്തരം ഓൺലൈൻ മാഫിയകൾ കെണിയൊരുക്കുന്നത്.
ഉപയോക്താക്കളെ കബളിപ്പിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഇത്തരം വ്യാജ പരസ്യങ്ങൾ വഴി ആളുകളെ അനധികൃതവും സുരക്ഷിതമല്ലാത്തതുമായ വെബ്സൈറ്റുകളിലേക്ക് ഇവർ നയിക്കുന്നു. വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും മോഷ്ടിക്കപ്പെടാതിരിക്കാൻ, സംശയകരമായ രീതിയിൽ ഫോണുകളിലും ഇമെയിലുകളിലും എത്തുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും അതുമായി സഹകരിക്കരുതെന്നും അതോറിറ്റി പ്രത്യേകം വ്യക്തമാക്കി.

