കുവൈത്ത് സിറ്റി: ബലിപെരുന്നാളിന്റെ ആദ്യ മണിക്കൂറുകളിൽ മാത്രം രാജ്യത്ത് വേഗത പരിധി ലംഘിച്ചതിന് 178 റഡാർ കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പ്രഖ്യാപിച്ച കടുത്ത ശിക്ഷാനടപടികളായിരിക്കും നിശ്ചിത വേഗതയേക്കാൾ വളരെക്കൂടുതൽ വേഗതയിൽ വാഹനമോടിച്ച് റഡാറിൽ കുടുങ്ങിയവർക്കെതിരെ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
പെരുന്നാൾ ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ പരിശോധനയാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും 97 കേസുകൾ രജിസ്റ്റർ ചെയ്തു. അൽ-അമീരി, അൽ-അദാൻ ആശുപത്രികളുടെ പരിസരങ്ങളിൽ നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്തതിന് 38 പേർക്കെതിരെയും, നിശ്ചിത റൂട്ടുകൾ പാലിക്കാതെയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും സർവീസ് നടത്തിയ 46 പൊതുഗതാഗത ബസുകൾക്കെതിരെയും നടപടിയെടുത്തു.
ഇതിനുപുറമെ, കടുത്ത വേനൽച്ചൂട് കണക്കിലെടുത്തും ബൈക്ക് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയും ഉച്ചസമയങ്ങളിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനത്തിനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. പെരുന്നാൾ അവധിക്കാലത്ത് അപകടങ്ങൾ കുറയ്ക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.

