കുവൈത്ത്സിറ്റി: കുവൈറ്റിലെ ഒരു തിരുത്തൽ കേന്ദ്രത്തിൽ നിന്ന് മൂന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്.
സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ അദ്ദേഹം നിയോഗിച്ചു. രക്ഷപ്പെട്ട തടവുകാരെ എത്രയും വേഗം പിടികൂടുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സുരക്ഷാ വിഭാഗങ്ങൾക്കും മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാൻ ഇവരുടെ വിവരങ്ങൾ കുവൈറ്റിലെ എല്ലാ അതിർത്തികളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനകം കൈമാറിക്കഴിഞ്ഞു.
തടവുചാടിയ പ്രതികളുമായി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മന്ത്രാലയം അറിയിച്ചു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനടി ‘112’ എന്ന അടിയന്തര നമ്പറിൽ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

