കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിൽ ഉൾപ്പെട്ട മംഗഫ് മേഖലയിൽ മാരക മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തുമായി (മെത്താംഫെറ്റാമൈൻ) ഏഷ്യൻ പ്രവാസി പോലീസിന്റെ പിടിയിലായി. അഹമ്മദി സുരക്ഷാ വിഭാഗം നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളെ തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മംഗഫിലെ ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് പ്രതിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അഹമ്മദി പോലീസ് പട്രോളിംഗ് സംഘം ഇയാളുടെ വാഹനം തടഞ്ഞത്. വാഹനം ഓരത്തേക്ക് ഒതുക്കി നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെ പരിഭ്രാന്തനായ പ്രതി കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് അതിവേഗം കീഴടക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 13 ചെറിയ ബാഗുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. ഇത് പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനയിൽ മാരക ലഹരിവസ്തുവായ ക്രിസ്റ്റൽ മെത്താണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ, തന്റെ വാഹനത്തിൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് പറഞ്ഞ് പ്രതി കുറ്റത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഈ മയക്കുമരുന്നിന്റെ ഉറവിടം, പ്രതിയുമായി ബന്ധമുള്ള മറ്റ് ഉപഭോക്താക്കൾ, മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ ഇയാൾക്കുള്ള പങ്കാളിത്തം എന്നിവയെക്കുറിച്ച് അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

