കുവൈത്ത്സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനും വിചാരണ നേരിട്ട 53 കാരനായ കുവൈറ്റ് സ്വദേശിയെ ക്രിമിനൽ കോടതി ലഹരിക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കി. എന്നാൽ പിടിച്ചെടുത്ത മയക്കുമരുന്ന് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി സൂക്ഷിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ രണ്ട് വർഷത്തേക്ക് ലഹരി വിമുക്ത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. മയക്കുമരുന്നിന് അടിമകളായവരെ തടവിലിടുന്നതിന് പകരം അവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്ന പുതുക്കിയ മയക്കുമരുന്ന് വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.
അപൂർണ്ണമായ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച വാറണ്ട് അസാധുവാണെന്നും പ്രതിക്ക് മയക്കുമരുന്ന് കച്ചവടം നടത്താനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അബ്ദുൽ മൊഹ്സിൻ അൽ ഖട്ടാൻ കോടതിയിൽ ശക്തമായി വാദിച്ചു. തുടർന്ന് പ്രതിയെ ഒരു ഉപഭോക്താവായി മാത്രം പരിഗണിച്ച് പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ അദ്ദേഹം കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു.
ലഹരിക്കടത്ത് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയെ മയക്കുമരുന്ന് വിൽക്കുന്നതിനിടയിലോ വാങ്ങുന്നതിനിടയിലോ അല്ല അറസ്റ്റ് ചെയ്തതെന്നും ഇയാളിൽ നിന്ന് പണമോ മറ്റ് സാങ്കേതിക തെളിവുകളോ കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തത് കേസിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കിയെന്നും ഇതിന്റെ ആനുകൂല്യം പ്രതിക്ക് നൽകി ലഹരിക്കടത്ത് കേസിൽ നിന്നും ഇയാളെ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

