കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. ആക്രമണത്തിൽ നയതന്ത്ര മിഷനുകൾ ഉൾപ്പെടെയുള്ള നിരവധി പ്രധാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് അതിശക്തമായി അപലപിക്കുകയും അവ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) ന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും “ചുവപ്പ് രേഖ” ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

