കുവൈറ്റ് സിറ്റി: ഇന്ന് രാവിലെയുണ്ടായ അടിയന്തിര സാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെർമിനലിൽ നിന്നുള്ള സർവീസുകൾ ജസീറ എയർവേസ് പുനരാരംഭിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ അനുമതികളും ലഭിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശപ്രകാരമാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കാരണം ചില ഫ്ലൈറ്റുകൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് ജസീറ എയർവേസ് അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. അതിനാൽ, ഇന്ന് യാത്ര ചെയ്യാൻ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി ജസീറ എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. ഇന്ന് രാവിലെയുണ്ടായ സംഭവങ്ങളിൽ തങ്ങൾ അതീവ ദുഃഖിതരാണെന്നും ബാധിക്കപ്പെട്ട എല്ലാവർക്കും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജസീറ എയർവേസ് സി.ഇ.ഒ പരതൻ ബസുപതി പറഞ്ഞു.
“സമഗ്രമായ സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും അടുത്ത ഏകോപനത്തോടെയുമാണ് ഞങ്ങൾ സർവീസുകൾ പുനരാരംഭിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. യാത്രക്കാരുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതിനൊപ്പം, പൂർണ്ണമായ ഉത്തരവാദിത്തത്തോടെ കുവൈറ്റിനെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

