കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭരണനിർവ്വഹണ രംഗത്ത് വൻ പരിഷ്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ഇടപാടുകളും പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുകയും ഫയലുകളും അനുബന്ധ രേഖകളും നേരിട്ട് സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യുന്ന പുതിയ ‘പേപ്പർലെസ്സ്’ പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചു. ഇനി മുതൽ ഉപഭോക്താക്കൾക്ക് യാതൊരുവിധ രേഖകളും പ്രിന്റ് ചെയ്യുകയോ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ ചെയ്യാതെ തന്നെ ഡിജിറ്റൽ സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘മൈ കുവൈത്ത് ഐഡി’ ആപ്ലിക്കേഷൻ വഴിയുള്ള ഒതന്റിക്കേഷൻ മുഖേനയാണ് ഇടപാടുകൾ പൂർത്തിയാക്കേണ്ടത്. സർക്കാർ സേവനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെയും ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് ഈ സുപ്രധാന നീക്കം.
ഈ പുതിയ പേപ്പർലെസ്സ് സംവിധാനം നടപ്പിലാക്കുന്നതിനായി രാജ്യത്തുടനീളം 15 പ്രത്യേക സേവന കേന്ദ്രങ്ങൾ വികസിപ്പിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. വിസ അനുവദിക്കൽ, റെസിഡൻസി പെർമിറ്റ് പുതുക്കലും മാറ്റലും, വാഹന ഉടമസ്ഥാവകാശം കൈമാറൽ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രധാന സേവനങ്ങളെല്ലാം ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓഫീസുകളിലെ കാത്തുനിൽപ്പ് സമയം ഗണ്യമായി കുറയുമെന്നും ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അധികൃതർ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിൽ വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നിലവിലുള്ള ‘ഡ്രൈവ്-ത്രൂ’ പോലുള്ള പ്രത്യേക സൗകര്യങ്ങൾക്ക് പുറമെയായിരിക്കും പുതിയ ഡിജിറ്റൽ സേവനങ്ങളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

