കുവൈറ്റ് സിറ്റി: കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ മനുഷ്യഉപയോഗത്തിന് തീർത്തും യോഗ്യമല്ലാത്ത 180 കിലോഗ്രാമോളം പോത്തിറച്ചിയും ആട്ടിറച്ചിയും ആട്ടിൻ കാലുകളും പിടിച്ചെടുത്തു.പിടിച്ചെടുത്ത മാംസം ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്നും നിറത്തിലും രൂപത്തിലും മണത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മാംസം പഴകിയതാണെന്ന വിവരങ്ങൾ മറച്ചുവെക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുമായി, അറവുശാലകളിൽ നിന്ന് പതിക്കുന്ന കശാപ്പ് തീയതി രേഖപ്പെടുത്തിയ മുദ്രകൾ നിയമലംഘകർ മനഃപൂർവ്വം മായ്ച്ചുകളയാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിടിച്ചെടുത്ത മുഴുവൻ മാംസവും നശിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. നിയമലംഘകർക്കെതിരെ ശക്തമായ തുടര് നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.



