കൊച്ചി: മരുമകളും വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് പെൻഷൻകാരിയായ എൺപത്തിമൂന്നുകാരി ഫയൽചെയ്ത ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് പറയാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഹർജി തള്ളിയത്. പേരക്കുട്ടി സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം മുത്തശ്ശിയിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും അതിനാൽ ജീവനാംശം നൽകണമെന്ന ആവശ്യവുമായി കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കേ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നത് കാണിച്ചായിരുന്നു ഹർജി.
ആശ്രിതർക്കു നൽകുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗം (12,28,646 രൂപ) ഹർജിക്കാരിക്ക് കെ.എസ്.ഇ.ബി. നേരിട്ട് നൽകിയിരുന്നു. മകന്റെ മരണാനന്തര പെൻഷൻ തുകയിൽനിന്ന് 15,000 രൂപ വീതം തനിക്ക് അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.ഫിഷറീസ് വകുപ്പിൽനിന്നുള്ള പെൻഷന് പുറമെ ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്കു ലഭിക്കുന്നുണ്ടെന്ന് കണക്കിലെടുത്ത് ഈ ആവശ്യം മെയിൻറനൻസ് ട്രിബ്യൂണൽ തള്ളിയിരുന്നു. കളക്ടറും അപ്പീൽ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.



