കുവൈറ്റ് സിറ്റി: തീപിടുത്ത പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഹമ്മദി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സ് പരിശോധനാ ക്യാമ്പയിൻ നടത്തി. അൽ-ഫഹഹീൽ വ്യാവസായിക പ്രദേശം, ഈസ്റ്റ് അഹമ്മദി വ്യാവസായിക പ്രദേശം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച പരിശോധന നടന്നത്.
പരിശോധനയിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 201 സ്ഥാപനങ്ങൾക്കും കമ്പനികൾക്കും അടച്ചുപൂട്ടൽ മുന്നറിയിപ്പും ലംഘന നോട്ടീസുകളും നൽകി. അംഗീകൃത അഗ്നിശരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 23 സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാനും, അപകടസാധ്യതകൾ കുറയ്ക്കാനും, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കുവൈറ്റിലുടനീളമുള്ള എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി.



