കുവൈത്ത് സിറ്റി : സൗന്ദര്യവർധക ചികിത്സകൾക്ക് ഉപയോഗിക്കുന്ന വ്യാജ ബോട്ടോക്സ് ഉൽപ്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആരോഗ്യത്തിന് അപകടമുണ്ടാക്കാൻ സാധ്യതയുള്ള വ്യാജ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നതും വിപണിയിൽ വിതരണം ചെയ്യുന്നതും തടയാൻ അധികൃതർ നടപടി ശക്തമാക്കി.
ഇന്റർപോളിന്റെ അന്താരാഷ്ട്ര ഓപ്പറേഷനായ പാംഗിയയുടെ ഭാഗമായി ലഭിച്ച മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഒരു പ്രത്യേക കമ്പനിയുടെ 100 യൂണിറ്റ് ബോട്ടോക്സ് ഉൽപ്പന്നത്തിന്റെ വ്യാജ പതിപ്പുകൾ സംബന്ധിച്ചാണ് മുന്നറിയിപ്പ് ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് അൽ നുവൈഫ് 2026ലെ 28-ാം നമ്പർ സർക്കുലർ പുറത്തിറക്കി.
വ്യാജ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കടക്കുന്നത് തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.സംശയാസ്പദമായ ബോട്ടോക്സ് ഉൽപ്പന്നങ്ങളുടെ വിതരണം കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിസ്ഥിതി കുറ്റകൃത്യ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമപരമായി അംഗീകരിക്കാത്തതും ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാത്തതുമായ മെഡിക്കൽ, സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.



