കുവൈത്ത് സിറ്റി, സെപ്റ്റംബർ 28: ഫിൻതാസ് പ്രദേശത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഈജിപ്ഷ്യൻ ബാലനെ ഇന്ത്യൻ പ്രവാസി ഓടിച്ച വാഹനം ഇടിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തു.2014-ൽ ജനിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആദ്യം വാഹനമോടിച്ച ഇന്ത്യൻ പ്രവാസിയെയും കുട്ടിയെയും ഉൾപ്പെടുത്തി ട്രാഫിക് അപകട കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്ന് വ്യക്തമായതോടെ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണത്തിൽ അശ്രദ്ധ കാണിച്ചു എന്ന കുറ്റം ചുമത്തി ഈജിപ്ഷ്യൻ പ്രവാസിയായ പിതാവിനെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.പിതാവിന്റെ ഉത്തരവാദിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേസ് അന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.



