കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി പ്രദേശത്ത് അഗ്നിശമന സേന നടത്തിയ പരിശോധനയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചില സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ കുവൈത്ത് ഫയർഫോഴ്‌സ് ആക്ടിംഗ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽ ഖഹ്താനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.വ്യാപാര സ്ഥാപനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
പരിശോധനയിൽ അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത നിരവധി കടകളും സ്ഥാപനങ്ങളും കണ്ടെത്തി. ഇവയ്ക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സിവിൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ ബൂർസ്ലിയും ഹവല്ലി ഗവർണറേറ്റിലെ അഗ്നിസുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടിത്ത അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.



