കുവൈത്ത്സിറ്റി: സാൽമിയയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത കുവൈത്ത് പൗരൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. സാൽമിയയിലെ അൽ ബലാജാത്ത് സ്ട്രീറ്റിലാണ് സംഭവം.
ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലിരിക്കെ തനിക്കുനേരെ ആക്രമണമുണ്ടായതായി പരാതി നൽകിയതിനെ തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്.2010ൽ ജനിച്ച കുവൈത്ത് പൗരനും 2007ൽ ജനിച്ച മറ്റൊരു യുവാവുമാണ് കേസിലെ പ്രതികൾ. രണ്ടാമത്തെയാളെ കേസിന്റെ രേഖകളിൽ പ്രായപൂർത്തിയായ വ്യക്തിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിഭാഗം കേസ് തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ നിയമപ്രകാരം ഔദ്യോഗിക ജോലി നിർവഹിക്കുന്ന സർക്കാർ ജീവനക്കാരനെ ആക്രമിക്കുന്നതും ബലപ്രയോഗത്തിലൂടെ ജോലി തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണ്. ആക്രമണത്തിനിരയാകുന്നത് പോലീസ് ഉദ്യോഗസ്ഥനാണെങ്കിൽ കൂടുതൽ കടുത്ത ശിക്ഷ ലഭിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.എന്നാൽ പ്രതികളുടെ പ്രായവും സംഭവത്തിന്റെ നിയമപരമായ സ്വഭാവവും പരിഗണിച്ചായിരിക്കും തുടർനടപടികളും ശിക്ഷയും തീരുമാനിക്കുക.സംഭവത്തിൽ ജുവനൈൽ പ്രോസിക്യൂഷൻ നിയമനടപടികൾ തുടരുകയാണ്.



