കുവൈത്ത് സിറ്റി: ഫിക്സഡ് വയർലെസ് ഇന്റർനെറ്റ് സേവനങ്ങളുടെ വേഗതയിലും പ്രവർത്തന മികവിലും ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഇന്റർനെറ്റ് നെറ്റ്‌വർക്ക് വിശകലന സ്ഥാപനമായ ഊക്ല (Ookla) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന്റെ നേട്ടം വ്യക്തമാക്കുന്നത്.2026 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഇന്റർനെറ്റ് സേവനങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഡൗൺലോഡ്, അപ്‌ലോഡ് വേഗതകളിലും നെറ്റ്‌വർക്ക് പ്രതികരണ സമയത്തിലും ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണ് കുവൈത്ത് കാഴ്ചവെച്ചത്.കുവൈത്തിലെ അത്യാധുനിക 5G അഡ്വാൻസ്ഡ് (5G-A) നെറ്റ്‌വർക്കുകളിൽ ഫിക്സഡ് വയർലെസ് ഇന്റർനെറ്റിന്റെ ശരാശരി ഡൗൺലോഡ് വേഗത 321 Mbps ആയി രേഖപ്പെടുത്തി.
അതേസമയം, കേബിൾ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങളുടെ ശരാശരി വേഗത 218 മുതൽ 241 Mbps വരെയാണ്. ഇതോടെ വയർലെസ് ഇന്റർനെറ്റ് സേവനങ്ങൾ പരമ്പരാഗത ബ്രോഡ്ബാൻഡ് കണക്ഷനുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ (CITRA) കണക്കുകൾ പ്രകാരം 2026 പകുതിയോടെ രാജ്യത്ത് 5G-A സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞിട്ടുണ്ട്.
2027 ഓടെ ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലധികമായി ഉയർത്താനും 2029 ഓടെ കെട്ടിടങ്ങൾക്കകത്തും പുറത്തുമായി 80 ശതമാനം 5G-A നെറ്റ്‌വർക്ക് കവറേജ് ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ സെയ്ൻ, എസ്‌ടിസി, ഊറിഡൂ എന്നിവയുടെ നെറ്റ്‌വർക്ക് വികസനമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
2025ൽ അത്യാധുനിക സേവനങ്ങൾ ആരംഭിച്ചതിന് ശേഷം മൂന്ന് കമ്പനികളും ചേർന്ന് രാജ്യത്തുടനീളം 3,000ത്തിലധികം നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും കുവൈത്ത് കൈവരിച്ച പുരോഗതിയാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗൾഫ് മേഖലയിലെ അതിവേഗ വയർലെസ് ഇന്റർനെറ്റ് സേവനങ്ങളിൽ കുവൈത്തിന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നേട്ടം.



