കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിലെ എണ്ണക്കിണറുകൾക്ക് തീയിട്ടതിനെ തുടർന്നുണ്ടായ വൻ പരിസ്ഥിതി ദുരന്തത്തിന് അന്ത്യം കുറിച്ചിട്ട് ഇന്ന് 35 വർഷം. 1991 നവംബർ 6നാണ് കുവൈത്തിലെ അവസാന എണ്ണക്കിണറിലെ തീ അണച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ അതിജീവിച്ചതിന്റെ ഓർമ പുതുക്കുകയാണ് കുവൈത്ത്.1990 ഓഗസ്റ്റ് രണ്ടിന് കുവൈത്ത് അധിനിവേശം നടത്തിയ ഇറാഖ് സൈന്യം, 1991 ഫെബ്രുവരിയിൽ പിൻവാങ്ങുന്നതിനിടെയാണ് രാജ്യത്തെ നൂറുകണക്കിന് എണ്ണക്കിണറുകൾക്ക് തീയിട്ടത്. ഏകദേശം 700 എണ്ണക്കിണറുകളിലാണ് തീപിടിത്തമുണ്ടായത്.
ഇതോടെ കുവൈത്തിന്റെ ആകാശം മാസങ്ങളോളം കറുത്ത പുകകൊണ്ട് മൂടപ്പെട്ടു.കത്തുന്ന എണ്ണക്കിണറുകളിൽനിന്ന് വൻതോതിൽ വിഷവാതകങ്ങളും പുകയും അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. എണ്ണ തടാകങ്ങൾ രൂപപ്പെടുകയും മണ്ണും വായുവും മലിനമാകുകയും ചെയ്തു. രാജ്യത്തിന്റെ പരിസ്ഥിതിക്കും എണ്ണ ഉൽപ്പാദന മേഖലയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.ദുരന്തത്തെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധ അഗ്നിശമന സംഘങ്ങളെ കുവൈത്തിലേക്ക് എത്തിച്ചു. അത്യാധുനിക ഉപകരണങ്ങളും പ്രത്യേക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
1991 നവംബർ 6ന് അവസാന എണ്ണക്കിണറിലെ തീ അണച്ചതോടെ കുവൈത്തിന്റെ പുനർനിർമാണ ചരിത്രത്തിലെ നിർണായക അധ്യായത്തിന് തുടക്കമായി.എണ്ണക്കിണറുകളിലെ തീ അണയ്ക്കുന്നതിനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് കുവൈത്തിന്റെ ദേശീയ ഐക്യത്തിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
ദുരന്തം സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങൾ പരിഹരിക്കുന്നതിനും എണ്ണമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി കുവൈത്ത് പിന്നീട് വിപുലമായ പദ്ധതികൾ നടപ്പാക്കി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയായ എണ്ണമേഖലയെ പുനർനിർമിക്കുന്നതിലും ഈ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിച്ചു.35 വർഷങ്ങൾക്കിപ്പുറവും എണ്ണക്കിണറുകളിലെ തീപിടിത്തം കുവൈത്തിന്റെ ചരിത്രത്തിലെ വേദനാജനകമായ ഓർമയായി തുടരുകയാണ്. അതേസമയം, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതീകമായും ഈ ചരിത്രസംഭവം ഓർമിക്കപ്പെടുന്നു.



