റിയാദ്: സൗദി അരാംകോയുടെ റിയാദിലുള്ള അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനുനേരെ ആക്രമണശ്രമം ഉണ്ടായതായി സൗദി ഊർജ മന്ത്രാലയം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്നും ഊർജ്ജ മന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം, കെട്ടിടത്തിന് മുകളിൽ വീണ ചീളുകൾ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ഏത് രീതിയിലുള്ള ആക്രമണമാണ് നടന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല.സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഹൂതികൾ റിയാദിലേക്കും തെക്കൻ മേഖലകളിലേക്കും തൊടുത്തുവിട്ട ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു.കഴിഞ്ഞമാസം അരാംകോയുടെ വിവിധ കേന്ദ്രങ്ങൾക്കുനേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തിയിരുന്നു. ടാങ്കറുകൾ, റിഫൈനറികൾ, സംഭരണശാലകൾ, കമ്പനി ആസ്ഥാനം എന്നിവയെല്ലാം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇപ്പോഴത്തെ സംഭവത്തിൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ഭാഗ്യവശാൽ ആർക്കും പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല’, മന്ത്രാലയം അറിയിച്ചു.നേരത്തെയുണ്ടായ ആക്രമണ പരമ്പരയെ തുടർന്ന് റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഴ്ചകളോളം ഓൺലൈൻ പഠനമായിരുന്നു. അതിനുശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതായി ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.



