കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും നടക്കുന്ന നിയമലംഘനങ്ങളും ക്രമക്കേടുകളും വാട്സ്ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കി സാമൂഹികകാര്യ മന്ത്രാലയം. സഹകരണ സംഘങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെയും ഓഹരി ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടി.
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 22484531 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കാമെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രാലയ ആസ്ഥാനത്തെ സിറ്റിസൺ സർവീസ് വിഭാഗത്തിൽ നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാം.
സാമൂഹികകാര്യ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സഹകരണ മേഖലയിൽ പരിശോധനയും മേൽനോട്ടവും ശക്തമാക്കുക, ക്രമക്കേടുകൾ തടയുക, ഉപഭോക്താക്കളുടെയും ഓഹരി ഉടമകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം പരാതികളിൽ സമയബന്ധിതമായ ഇടപെടൽ ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.പരാതികൾ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പർ: 22484531.



