കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ് മേഖലയിൽ തകർന്നുവീഴാൻ സാധ്യതയുള്ള 494 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച പരിശോധനയിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂറാണ് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ പരിശോധന, ഗുണനിലവാര നിയന്ത്രണ, ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിലാണ് കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ഇവ തകർന്നുവീഴാൻ സാധ്യതയുള്ളതായും താമസക്കാരുടെയും വഴിയാത്രക്കാരുടെയും ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റി നേരിട്ട് നടപടി സ്വീകരിക്കും. കെട്ടിടങ്ങളിൽ താമസക്കാരോ മറ്റ് ആളുകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും പൊളിക്കൽ. ഇതിനുള്ള മുഴുവൻ ചെലവും കെട്ടിട ഉടമകളിൽനിന്ന് ഈടാക്കും.ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്നും കെട്ടിട ഉടമകളെ ഔദ്യോഗികമായി അറിയിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ജലീബ് അൽ ഷുയൂഖിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ മൂലമുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും താമസക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി.



