കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ, കുഞ്ഞിനെ കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ മാതാവ് ഉൾപ്പെടെ നാല് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജാബ്രിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 1998-ൽ ജനിച്ച സൗദി യുവതിയാണ് കുഞ്ഞിന്റെ മാതാവ്. അവിഹിത ബന്ധത്തിലുണ്ടായ ഗർഭധാരണമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആശുപത്രി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതിയെ സഹായിച്ച മൂന്ന് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രസവത്തിന് സഹായിച്ച 1997-ൽ ജനിച്ച കുവൈറ്റി യുവതിയും, 1991, 1994 വർഷങ്ങളിൽ ജനിച്ച രണ്ട് ഒമാനി പുരുഷന്മാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. ചോദ്യം ചെയ്യലിൽ നാല് പ്രതികളും കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.



