കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്തിൽ കുടുംബങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി കൂടുതൽ സൗകര്യങ്ങളൊരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക സ്പ്രിങ് ക്യാമ്പ് വിപുലമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. ‘മിനിസ്ട്രി ഓഫ് ഇന്റീരിയർ പാർക്ക്’ (അൽ ധാക്കലിയ ) എന്ന പേരിലാണ് 2026–2027 സീസണിൽ കേന്ദ്രം പ്രവർത്തിക്കുക.
കഴിഞ്ഞ വർഷത്തെ സ്പ്രിങ് ക്യാമ്പിന് പൊതുജനങ്ങളിൽനിന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരിൽനിന്നും കുടുംബങ്ങളിൽനിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പോലീസ് ഓഫീസേഴ്‌സ് ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ബ്രിഗേഡിയർ അബ്ദുൽ മുഹ്സിൻ അൽ അക്ശാൻ അറിയിച്ചു.പുതിയ വിനോദകേന്ദ്രത്തിൽ കഫേകൾ, ബ്ലൂ ലേക്ക്, ലുലു പാർക്ക്, മൃഗശാല, കുതിരസവാരി, ഷൂട്ടിങ് ഏരിയ, വിവിധ കളിസ്ഥലങ്ങൾ എന്നിവ ഒരുക്കും. പ്രാദേശികവും അന്താരാഷ്ട്രവുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുന്ന പുതിയ റെസ്റ്റോറന്റുകളും പ്രവർത്തിക്കും.
ആറുമാസം മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക ഡേകെയർ സൗകര്യവും ഒരുക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫുട്ബോൾ മൈതാനങ്ങളും വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിലുള്ള കായിക പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.കുവൈത്തിന്റെ പരമ്പരാഗത ജീവിതരീതിയും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക മേഖലകളും സജ്ജീകരിക്കും. മരുഭൂമിയിലെ പരമ്പരാഗത കൂടാരങ്ങൾ ഉൾക്കൊള്ളുന്ന ‘അൽ വസ്മ്’ മേഖലയും പഴയകാല വിപണികളുടെ മാതൃകയിലുള്ള ‘സൂഖ് വാഖിഫ്’ പൈതൃക മാർക്കറ്റും പ്രധാന ആകർഷണങ്ങളായിരിക്കും.
പാർക്ക് ഡയറക്ടർ റിട്ടയേർഡ് മേജർ ജനറൽ അഹമ്മദ് അൽ റദ്ഹാൻ പറയുന്നതനുസരിച്ച്, കുവൈത്തിന്റെ പഴമയും ആധുനികതയും ഒരുമിച്ച് അനുഭവിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമായാണ് പാർക്ക് വികസിപ്പിക്കുന്നത്.എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദപരിപാടികളും കുടുംബസൗഹൃദ സൗകര്യങ്ങളും ഉൾപ്പെടുത്തി മുൻവർഷത്തേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ പാർക്ക് ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.



