കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന പുരോഗമിക്കുന്നു. ആകെ 1,36,928 സർട്ടിഫിക്കറ്റുകളിൽ 1,15,775 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കിയതായി റിപ്പോർട്ട്. ശേഷിക്കുന്ന 21,153 സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.
ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ കൃത്യമാക്കുന്നതിനുമാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യതകളും ജോലിയുടെ സ്വഭാവവും സർക്കാർ അംഗീകരിച്ച ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതും പരിശോധനയുടെ ലക്ഷ്യമാണ്.നിലവിൽ 15,985 സർട്ടിഫിക്കറ്റുകൾ പരിശോധനയുമായി ബന്ധപ്പെട്ട വിവിധ നടപടികളിലാണ്. കൂടാതെ 5,168 സർട്ടിഫിക്കറ്റുകൾ ഇതുവരെ ഔദ്യോഗിക സംവിധാനത്തിൽ അപ്ലോഡ് ചെയ്തിട്ടില്ല.
പരിശോധനയിലുള്ള സർട്ടിഫിക്കറ്റുകളിൽ 7,592 എണ്ണത്തിന് ആവശ്യമായ തുല്യതാ അംഗീകാരം ലഭിച്ചിട്ടില്ല. ഇവയുടെ അംഗീകാര നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.മറ്റൊരു 1,242 സർട്ടിഫിക്കറ്റുകൾ സിവിൽ സർവീസ് കമ്മീഷന്റെ രേഖകളിൽ ‘തെറ്റായ അംഗീകാരം’ എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.മന്ത്രാലയത്തിലെ അധിക ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ച ജീവനക്കാരുടെ 4,674 സർട്ടിഫിക്കറ്റുകൾ പരിശോധനയിൽനിന്ന് ഒഴിവാക്കിയ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ 2,477 സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് കമ്മീഷന് വിവിധ തരത്തിലുള്ള റിപ്പോർട്ടുകളും പരാതികളും ലഭിച്ചിട്ടുണ്ട്. ഇവയിൽ കൂടുതൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗവും മന്ത്രാലയ അണ്ടർസെക്രട്ടറി രൂപീകരിച്ച പ്രത്യേക സമിതിയും ചേർന്നാണ് സർട്ടിഫിക്കറ്റ് പരിശോധന ഏകോപിപ്പിക്കുന്നത്.
പരിശോധന പൂർത്തിയാക്കിയശേഷം വിശദമായ റിപ്പോർട്ട് സിവിൽ സർവീസ് കമ്മീഷനിലെ ബന്ധപ്പെട്ട സമിതിക്ക് സമർപ്പിക്കും. ആവശ്യമുള്ള കേസുകളിൽ വിദ്യാഭ്യാസ യോഗ്യതകളുടെ വിവരങ്ങൾ തിരുത്തുന്നതിനും രേഖകളിൽ ഉൾപ്പെടാത്ത സ്പെഷ്യലൈസേഷനുകൾ ചേർക്കുന്നതിനും നടപടികൾ സ്വീകരിക്കും.സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച രേഖകളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുകയാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.



