കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യനിർമാണ കേന്ദ്രം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.വഫ്ര മേഖലയിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്നത് പോലീസ് പട്രോൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് സമീപിച്ചപ്പോൾ ഇയാൾ പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു.തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ കുപ്പികളിൽ തദ്ദേശീയമായി നിർമിച്ച മദ്യമാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചോദ്യം ചെയ്യലിൽ വഫ്രയിലെ താമസസ്ഥലത്ത് കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിയ മദ്യക്കുപ്പികൾ, ബാരലുകൾ, മദ്യനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
അനധികൃത മദ്യവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും പോലീസ് കണ്ടെടുത്തു. റെയ്ഡിനിടെ പ്രതിയുടെ കൂട്ടാളികൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.അറസ്റ്റിലായ വ്യക്തിയുടെ സ്വദേശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



