ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ പട്ടികയിൽ ഇടം റോയൽ എൻഫീൽഡ് ക്ലാസിക് 350

  • 09/10/2021


മിഡിൽ വെയിറ്റ് മോട്ടോർസൈക്കിൾ (Middle Weight Motorcycle) വിഭാഗത്തിലെ (250-750സിസി) ആഗോളരാജാവായ റോയൽ എൻഫീൽഡ് (Royal Enfield) പുതിയ ക്ലാസിക് 350നെ (Classic 350) അടുത്തിടെയാണ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ (Guinness World Record) പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വാഹനം. ക്ലാസിക്ക് 350ന്‍റെ ഗിന്നസ് പ്രവേശനം എന്തിനെന്നല്ലേ? അതൊരു കൌതുകരമായ കാര്യത്തിനാണ്!

സെപ്റ്റംബില്‍ നടന്ന വാഹനത്തിന്‍റെ പുറത്തിറക്കൽ ചടങ്ങ് യൂട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്​തിരുന്നു​. ഈ പരിപാടിയാണ് ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ പട്ടികയിൽ ഇടം നേടിയിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്​റ്റംബർ ഒന്നിന്​ രാവിലെ 11.30 മുതൽ 12 വരെ നടന്ന ചടങ്ങ്​ 19,564 പേരാണ്​ തത്സമയം കണ്ടത്​. ഇതാണ്​ റെക്കോർഡിന്​ അർഹമാക്കിയത്​. ഒരു ബൈക്കിന്‍റെ പ്രകാശന ചടങ്ങ്​ യൂട്യൂബിൽ തത്സമയം ഇത്രയുമധികം പേർ കണ്ടത്​ ഇതാദ്യമാണ്​. ഈ വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന്​ പേർ കണ്ടുകഴിഞ്ഞു.

കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുത്തന്‍ ക്ലാസിക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

Related Articles