പുതിയ കിയ സെല്‍റ്റോസ്: സോണറ്റ് മോഡലുകള്‍

  • 11/05/2023



ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ 2019-ൽ ആണ് ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കിയത്. ഇപ്പോള്‍ പുതിയ പവർട്രെയിൻ ഓപ്ഷനോടൊപ്പം സ്റ്റൈലിംഗിലും ഇന്റീരിയറിലും സമഗ്രമായ മാറ്റങ്ങൾ സ്വീകരിക്കാൻ എസ്‌യുവി തയ്യാറാണ്. സെൽറ്റോസ് മാത്രമല്ല, സോണെറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ പുതുക്കിയ പതിപ്പും കിയ രാജ്യത്ത് അവതരിപ്പിക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് രണ്ട് എസ്‌യുവികളും പുറത്തിറങ്ങും.

പുതുക്കിയ കിയ സെൽറ്റോസ് 2022 പകുതി മുതൽ നിരവധി അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഈ വർഷം ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തോടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമഗ്രമായ ഡിസൈൻ മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. അത് ആഗോള മോഡലിന് അനുസൃതമായിരിക്കും. എസ്‌യുവിയിൽ പുതിയ കിയയുടെ ടൈഗർ നോസ് ഗ്രില്ലും പുതിയ ബമ്പറും ഗ്രില്ലിൽ ലയിപ്പിച്ച പുതുക്കിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പുതുതായി രൂപപ്പെടുത്തിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഉണ്ടാകും. പുതുക്കിയ ടെയിൽഗേറ്റ് ഉൾപ്പെടെ നിരവധി സ്റ്റൈലിംഗ് മാറ്റങ്ങളും പിൻ പ്രൊഫൈലിന് ലഭിക്കും. ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ ലാമ്പുകളുമായാണ് ഇത് വരുന്നത്. എസ്‌യുവിക്ക് പുതുക്കിയ ടെയിൽഗേറ്റും ഫാക്‌സ് സിൽവർ ഇൻസേർട്ടുകളുള്ള ഡ്യുവൽ ടോൺ ബമ്പറും ഉണ്ടായിരിക്കും.

ക്യാബിനിനുള്ളിൽ, പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പുതുക്കിയ ഡാഷ്‌ബോർഡ് ലേഔട്ടിനൊപ്പം അപ്‌ഡേറ്റ് ചെയ്‍ത സെന്റർ കൺസോളുമായി വരും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനുമായി പുതിയ കണക്റ്റുചെയ്‌ത ഇരട്ട സ്‌ക്രീൻ ലേഔട്ടോടെയാണ് ഇത് വരുന്നത്. നിലവിലെ മോഡലിൽ ഇല്ലാത്ത ഒരു പനോരമിക് സൺറൂഫും ഇതിന് ലഭിക്കും. പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, പുതിയ കളർ തീം എന്നിവയും കമ്പനിക്ക് ലഭിക്കും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള അഡാസ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 1.5 ലിറ്റർ NA പെട്രോളും 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളും എസ്‌യുവി നിലനിർത്തും. 160 ബിഎച്ച്‌പിയും 253 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ സെൽറ്റോസ് എത്തുന്നത്.

Related Articles