200 മില്ല്യൺ ഉപയോക്താക്കളുമായി ട്രൂകോളർ വളരുന്നു

  • 05/02/2020

ലോകത്തിലെ ഏറ്റവും വലിയ കോളർ-ഐഡന്റിഫിക്കേഷൻ സേവന ദാതാക്കളിലൊരാളായ ട്രൂകോളർ 200 ദശലക്ഷം പ്രതിമാസ ആക്ടീവ് ഉപയോക്താക്കളെ നേടി. ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഇപ്പോൾ 150 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. 200 ദശലക്ഷം നാഴികക്കല്ലിലെത്തിയ സ്വീഡിഷ് കമ്പനിയായ ട്രൂകോളർ തങ്ങളുടെ മുഖ്യ എതിരാളിയായ സിയാറ്റിൽ ആസ്ഥാനമായുള്ള ഹിയയേക്കാൾ വളരെയധികം മുന്നിലായിരുന്നു.കഴിഞ്ഞ പ്രാവശ്യം പുറത്തുവന്ന ഒക്ടോബറിലെ കണക്കനുസരിച്ച് 100 ദശലക്ഷം ഉപയോക്താക്കളായിരുന്നു ട്രൂകോളറിന് ഉണ്ടായിരുന്നത്. ഈ കണക്കുകൾ അനുസരിച്ച് വലിയ നേട്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. എതിരാളികളായ മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ട്രൂകോളർ അതിന്റെ കോളർ ഐഡിക്കും സ്പാം മോണിറ്ററിംഗ് സേവനത്തിനും അപ്പുറത്തേക്ക് സേവനം വികസിപ്പിച്ചു. അധികം വൈകാതെ ചില വിപണികളിൽ മെസേജിങ്, പേയ്‌മെന്റ് സേവനങ്ങൾ ചേർക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ഇന്ത്യയിൽ മാത്രം ലഭിക്കുന്ന പേയ്‌മെന്റ് സേവനം ഉടൻ തന്നെ ചില ആഫ്രിക്കൻ വിപണികളിലേക്കും വ്യാപിപ്പിക്കുമെന്ന് ട്രൂ കോളർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ അലൻ മാമെഡി വ്യക്തമാക്കി. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വായ്പ നൽകുന്ന സേവനം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ട്രൂകോളർ. നമ്മുടെ ഫോണിലേക്ക് വരുന്ന കോളുകൾ സേവ് ചെയ്യാത്ത നമ്പരിൽ നിന്നാണെങ്കിൽ അവ തിരിച്ചറിയാനും സ്പാം റിപ്പോർട്ട് ചെയ്യാനുമായി ഉപയോഗിക്കുന്ന ട്രൂകോളർ എല്ല തരത്തിലുമുള്ള സേവനത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം വാഗ്ദാനം ചെയ്യുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ട്രൂകോളർ, അലിബാബാ പിന്തുണയുള്ള പേടിഎം, വാൾമാർട്ടിന്റെ ഫോൺപേ, എന്നിവയുൾപ്പെടെ ഡസൻ കണക്കിന് സ്ഥാപനങ്ങൾ രാജ്യത്ത് പേയ്‌മെന്റ് സേവനം വാഗ്ദാനം ചെയ്യുന്നു. യുപിഐ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെ ബാങ്കുകളുടെ കൂട്ടായ്മയിൽ വികസിപ്പിച്ചെടുന്ന സംവിധാനമാണ് യുപിഐ. 2019ന്റെ അവസാന പാദത്തിൽ ട്രൂകോളർ ലാഭത്തിലാണെന്ന് അലൻ മാമെഡി വ്യക്തമാക്കി. ഇത് കമ്പനിക്ക് അഭിമാനകരമായ നിമിഷമാണ്, പ്രത്യേകിച്ചും മിക്ക കമ്പനികളും ഉപയോക്താക്കളെ ആകർഷിക്കാനായി ധാരാളം പണം ചിലവഴിക്കുന്ന ഒരു ബിസിനസിൽ ഈ നേട്ടം വലുതാണെന്നും അദ്ദേഹം പറഞ്ഞു. ട്രൂകോളർ ഏകദേശം 99 ദശലക്ഷം ഡോളർ വരുമാനമാണ് ഈ കാലയളവിൽ നേടിയതെന്നാണ് റിപ്പോർട്ടുകൾ. ട്രൂകോളർ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്ന പരസ്യങ്ങളിൽ നിന്നാണ് വരുമാനത്തിന്റെ പകുതിയിലധികം ഉണ്ടാക്കുന്നത്. എന്നാൽ പരസ്യങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ സബ്സ്ക്രിപ്ഷൻ സേവനം വർദ്ധിക്കുന്നുവെന്ന് കമ്പനി സിഇഒ പറഞ്ഞു. നിലവിൽ വരുമാനത്തിന്റെ 30 ശതമാനവും ഈ സബ്ക്രിപ്ഷൻ വഴിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വായിക്കുക: വാട്സ്ആപ്പിനെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം സിഇഒ ട്രൂകോളർ അതിന്റ വളർത്താ നിരക്ക് നിലനിർത്താൻ ശ്രമിക്കും, ജനുവരിയിൽ അത് വിജയകരമായി നിലനിർക്കാൻ സാധിച്ചു. എന്നാൽ സ്റ്റാർട്ടപ്പുകളുടെ ഏറ്റെടുക്കൽ പോലുള്ള ചില പെട്ടെന്നുണ്ടാകുന്ന ബിസിനസ്സ് തീരുമാനങ്ങളെ അടിസ്ഥാനമാക്കി കാര്യങ്ങൾ മാറാമെന്ന് മാമെഡി മുന്നറിയിപ്പ് നൽകി. ട്രൂകോളർ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ തന്നെ ഡാറ്റയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ പറ്റിയും കമ്പനി ശ്രദ്ധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

R

Related Articles