മണ്ടയ്ക്കാട് (തമിഴ്നാട്): ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊട ഉത്സവത്തിന് ഞായറാഴ്ച കൊടികയറി. രാവിലെ എട്ടു മണിയോടെ ക്ഷേത്ര തന്ത്രി എടക്കോട് എസ് മഹാദേവ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ദേവീശരണം വിളികള്‍ക്കിടയില്‍ കൊടിയേറ്റ് ചടങ്ങു നടന്നു. ചടങ്ങുകള്‍ക്കു ക്ഷേത്രം മേല്‍ശാന്തി ചട്ടനാദ ഗുരുക്കള്‍ നേതൃത്വം നല്‍കി. പതിനായിരക്കണക്കിനു ഭക്തജനങ്ങള്‍ കൊടിയേറ്റുചടങ്ങ് വീക്ഷിക്കാനെത്തി.
തെലങ്കാന ഗവര്‍ണര്‍ തമിള്‍ ഇസൈ സൗന്ദരരാജന്‍, തമിഴ്നാട് സര്‍ക്കാരിന്‍റെ ഡല്‍ഹി പ്രതിനിധി ദളവായ് സുന്ദരം, എ വിജയകുമാര്‍ എം പി, ജില്ലാ കളക്ടര്‍ പ്രശാന്ത് വദനെരെ, ജില്ലാ പോലീസ് സൂപ്രണ്ട് ഡോ എന്‍ ശ്രീനാഥ്, കന്യാകുമാരി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ശിവ കുറ്റാലം, ജെ ജി പ്രിന്‍സ് എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 10നാണ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രശസ്തമായ കൊട.
പഴയ തിരുവിതാംകൂറിലെ കുളച്ചലിന് സമീപമാണ് കടലോരത്ത് സ്ഥിതിചെയ്യുന്ന മണ്ടയ്ക്കാട് ദേവീ ക്ഷേത്രം. തമിഴ്നാട്ടിലാണെങ്കിലും കേരളീയ താന്ത്രികവിധി പ്രകാരമാണ് ക്ഷേത്രത്തില്‍ പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 1803ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് ക്ഷേത്രം ഏറ്റെടുത്തത്. കുംഭമാസത്തില്‍ പത്തുദിവസം നീളുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ കൊട മഹോത്സവത്തോടെ സമാപിക്കുന്നത്.
മാര്‍ച്ച് 6ന് വെള്ളിയാഴ്ചയാണ് വലിയപടുക്ക (മഹാപൂജ). 9ന് തിങ്കളാഴ്ച വലിയചക്ര തീവട്ടി അലങ്കാര എഴുന്നള്ളിപ്പ് നടക്കും.10 ന് ചൊവ്വാഴ്ച രാത്രി 12ന് ഒടുക്കു പൂജയോടെ ഉത്സവം സമാപിക്കും.
എല്ലാ ദിവസവും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുമെങ്കിലും ഉത്സവദിവസങ്ങളില്‍ പതിനായിരക്കണക്കിന് ഭക്തരാണ് പൊങ്കാല ഇടാനെത്തുന്നത്. തെക്കന്‍കേരളത്തില്‍ നിന്ന് വന്‍തോതില്‍ ഭക്തര്‍ ഉത്സവകാലത്ത് മണ്ടയ്ക്കാട്ടെത്തും. സമുദ്രതീരത്തെ ക്ഷേത്രമായതിനാല്‍ ഭക്തര്‍ സമുദ്രദര്‍ശനം നടത്തുന്നതും വിശേഷമാണ്. തിരക്കു നിയന്ത്രിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട് പോലീസ് 2500പേരുടെ പ്രത്യക പോലീസ് സേനയേയും മറൈന്‍ പോലീസിനേയും സുരക്ഷക്ക് വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കടലോരത്തടക്കം 10 നിരീക്ഷണ ടവറുകളും പോലീസ് സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉത്സവം പ്രമാണിച്ച് മണ്ടയ്ക്കാട്ടേക്ക് തമിഴ്നാട്-കേരള സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാറിന്‍റെ ഭാഗമായി ദിവസേന 32 പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ഹൈന്ദവ സേവാസംഘം ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 83-ാമത് ഹിന്ദു മഹാസമ്മേളനത്തിനും ഞായറാഴ്ച തുടക്കമായി. വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ മഹരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തെലങ്കാന ഗവര്‍ണര്‍ തമിള്‍ ഇസൈ സൗന്ദരരാജന്‍ നിളവിളക്ക് തെളിയിച്ചു. മുന്‍കേരള മന്ത്രി വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് തിരുവിളക്കു പൂജയും നടന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?