മൂന്നുമാസത്തിനിടെ കുവൈറ്റ് വിട്ടത് 92000 വിദേശികൾ. വിദേശികളുടെ തിരിച്ചു വരവ് വൈകുമെന്ന് ഡി.ജി.സി.എ ഡയറക്ടർ മൻസൂർ അൽ ഹാഷിമി

  • 21/06/2020

കുവൈറ്റ് സിറ്റി : കഴിഞ്ഞ 3 മാസത്തിനുള്ളിൽ (ഏപ്രിൽ, മെയ്, ജൂൺ) കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കുവൈത്തിൽ നിന്ന് 600 വിമാനങ്ങളിലായി തൊണ്ണൂറ്റിരണ്ടായിരം വിദേശികൾ യാത്രയായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ വിദേശരാജ്യങ്ങളിൽനിന്നും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനായി വിമാന സർവീസ് അനുവദിക്കാൻ ദിവസേന നിരവധി രാജ്യങ്ങളിൽ നിന്നും എംബസികളിൽ നിന്നും ഡി‌ജി‌സി‌എയ്ക്ക് അഭ്യർത്ഥനകളാണ് വരുന്നതെന്നും, അഭ്യർത്ഥന വരുന്ന മുറക്ക് 24 മണിക്കൂറിനുള്ളിൽ തന്നെ അനുമതി നല്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയുടെ തുടക്കം മുതൽ വിമാനത്താവളം പൂർണ്ണമായും അടച്ചിട്ടില്ലെങ്കിലും വാണിജ്യ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു . കൊറോണ പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണമായും അടച്ചിട്ടില്ലെന്നും ചരക്ക് വിമാനങ്ങളും പ്രത്യേക സർവീസുകളും തുടർന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ വിമാന സർവീസുകൾക്കായുള്ള അനുമതിക്ക് സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശം ആവശ്യമാണ്, എന്നാൽ ഇതുവരെ മന്ത്രിസഭയുടെയും ആരോഗ്യ അധികാരികളുടെയും ഒദ്യോഗിക നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലന്നും എന്ന് പുനരാംഭിക്കുമെന്ന് അറിയില്ലെന്നും മൻസൂർ അൽ ഹാഷിമി പറഞ്ഞു. സാധുവായ റെസിഡൻസി ഉള്ളവരും കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ക്കും രാജ്യത്ത് തിരിച്ചു വരുന്ന കാര്യത്തില്‍ സാര്‍ക്കരിന്‍റെ ഓദ്യോഗിക നിലപാടിനായി കാത്തിരിക്കുകയാണ്. കുവൈറ്റ് പൗരന്മാർക്കും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾക്കും വീട്ടുജോലിക്കാർക്കും നിബന്ധനകള്‍ക്ക് വിധേയമായി മടങ്ങിവരാൻ അനുവാദം നല്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നിർണ്ണയിക്കുന്ന അസാധാരണമായ കേസുകളിലും യാത്ര അനുവദിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാർത്ഥികളും രോഗികളും മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടി സ്വന്തം ഉത്തരവാദത്തിൽ സാക്ഷ്യപത്രം സമർപ്പിച്ചും യാത്രകള്‍ അനുവദിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് നിയന്ത്രിതമായി എയര്‍പോര്‍ട്ട് മാള്‍ പ്രവര്‍ത്തിക്കുന്നതായും മൻസൂർ അൽ ഹാഷിമി പറഞ്ഞു.

Related News