ഇന്നും മഴ പെയ്യും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായേക്കും; ജാഗ്രത തുടരണം

  • 02/10/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. അതേ സമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. 

അതേ സമയം, തുലാവർഷം തുടങ്ങിയതിന് പിന്നാലെ ശക്തമായ മഴ വരും ദിവസങ്ങളിൽ ശമിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്ന സൂചന. വടക്കൻ കേരളത്തിൽ തുലാവർഷം ഇതിനകം തന്നെ ദുർബലമായിട്ടുണ്ടെങ്കിലും തെക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

Related News